jeevan news online

വാർത്തകൾ വിശദമായി

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു



ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന മലയാളിക്ക് ഗൃഹാതുരത്വത്തിന്റേയും ന•യുടേയും പൊന്‍കണിയാണ് വിഷു. പൂത്തുനില്‍ക്കുന്ന കൊന്നപ്പൂക്കളുമായി പ്രകൃതിയും വിഷുവിനെ വരവേല്‍ക്കുകയാണ്.

ഐതിഹ്യങ്ങളുടേയും ആചാരങ്ങളുടേയും സംഗമമാണ് വിഷു എന്ന കാര്‍ഷിക വര്‍ഷാരംഭം. സ്വര്‍ണ്ണശോഭ വിതറുന്ന കൊന്നപ്പൂവും എണ്ണത്തിരിയെരിയുന്ന വിളക്കിന്റെ ഇത്തിരിവെട്ടവും കണ്ണിനു കുളിരാകുന്ന ദിവസമാണ് വിഷുപ്പുലരി. മണ്ണിന്റേയും മനുഷ്യന്റേയും മനസ്സുകള്‍ ഒന്നാവുന്ന സമരാത്രദിനം.

സൂര്യന്‍ മേടരാശിയിലേക്ക് കടക്കുന്ന ദിനം കൂടിയാണ് വിഷു. നരകാസുരനെ വധിച്ച് മഹാവിഷ്ണു സ്ത്രീരത്‌നങ്ങളെ തടവറയില്‍നിന്ന് മോചിപ്പിച്ചതിന്റെ സ്മരണയാണ് ചിലര്‍ക്ക് വിഷുവെങ്കില്‍ രാവണവധം കഴിഞ്ഞ് ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് മറ്റു ചിലര്‍ക്ക് വിഷു.

ജ്ഞാനേന്ദ്രിയങ്ങളില്‍ കണ്ണുകള്‍ക്ക് പ്രഥമസ്ഥാനമുള്ളതിനാല്‍ വര്‍ഷാരംഭത്തില്‍ ആദ്യം കാണേണ്ടത് ശുഭകരമായ വസ്തുക്കളാകണം എന്ന ലക്ഷ്യമാകണം വിഷുക്കണി കാണല്‍ എന്ന ആചാരത്തിനുള്ളത്. തെളിഞ്ഞ കാഴ്ച്ചകള്‍ മനസ്സില്‍ നിറയണമെന്ന പ്രതീകാത്മചിന്ത കൂടിയാണ് വിഷുക്കണി നമുക്ക് പകര്‍ന്നുതരുന്നത്.


തെക്കന്‍ ജില്ലകളില്‍ കണിക്ക് ശ്രീകൃഷ്ണരൂപം പ്രധാനമാണ്. എന്നാല്‍ വടക്ക് ശ്രീ ഭഗവതിയെ സങ്കല്‍പ്പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വെയ്ക്കുന്നത്. ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് സങ്കല്‍പ്പം. വിഷുക്കൈനീട്ടത്തിലൂടെ പ്രതിഫലിക്കുന്നത് ധനലക്ഷ്മിയെ ആദരിക്കുന്നതിന്റെ ഭാഗവുമാണ്. എന്തൊക്കെയായാലും വൈചിത്ര്യത്തിന്റേയും വൈവിധ്യത്തിന്റേയും ഉത്സവമാവുകയാണ് വിഷു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS