jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഡെല്‍ഹി കാപ്പിറ്റല്‍സിന് ജയം



ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഡെല്‍ഹി കാപ്പിറ്റല്‍സിന് ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 39 റണ്‍സിനാണ് ഡെല്‍ഹി തോല്‍പ്പിച്ചത്. കീമോ പോളാണ് കളിയിലെ താരം.

ഐ.പി.എല്‍ മുപ്പതാം മത്സരത്തില്‍ സീസണിലെ തങ്ങളുടെ നാലാംജയം തേടിയിറങ്ങിയ സണ്‍റൈസേഴ്‌സിന് ഡെല്‍ഹിക്ക് മുന്നില്‍ പിഴച്ചു. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഡെല്‍ഹിക്ക് തുടക്കത്തില്‍ തന്നെ ഓപ്പണേഴ്‌സ് ആയ ശിഖര്‍ ധവാനേയും പൃഥ്വി ഷായെയും നഷ്ടമായെങ്കിലും തുടര്‍ന്ന് വന്ന കോളിന്‍ മണ്‍ട്രോയുടേയും ശ്രേയസ്സ് അയ്യരുടേയും ബാറ്റിങ്ങ് പതിയെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.

 മണ്‍റോ 40ഉം ശ്രേയസ്സ് 45ഉം റണ്‍സ് എടുത്തു. പിന്നീടെത്തിയവര്‍ക്കാര്‍ക്കും വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 എന്ന പൊരുതാവുന്ന സ്‌കോറിലെത്തി ഡെല്‍ഹി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് തൊട്ടതെല്ലാം പിഴച്ചു. മികച്ച ഒരു ഓപ്പണിങ്ങ് ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ സണ്‍റൈസേഴ്‌സിന് കഴിഞ്ഞില്ല.

 51 റണ്‍സ് എടുത്ത വാര്‍ണറും 41 റണ്‍സ് എടുത്ത ബെയര്‍‌സ്റ്റോയും മാത്രമാണ് സണ്‍റൈസേഴ്‌സ് നിരയില്‍ രണ്ടക്കം കണ്ടത്. തുടര്‍ന്ന് വന്നവരെയെല്ലാം പെട്ടെന്ന് പവലിയനിിലേക്ക് മടക്കി ഡെല്‍ഹി ബൗളേഴ്‌സ് വിജയം എളുപ്പമാക്കി. ഡെല്‍ഹിക്കായി റബാഡ 22 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. കീമോ പോള്‍, ക്രിസ് മോറിസ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും സ്വന്തമാക്കി സണ്‍റൈസേഴ്‌സിന്റ ഇന്നിങ്‌സ് 116ല്‍ അവസാനിപ്പിച്ചു, ജയത്തോടെ ഡെല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS