jeevan news online

വാർത്തകൾ വിശദമായി

ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക മൂന്ന് ദിവസത്തിനകം 


ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം. സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള മത്സരിക്കണോ എന്ന കാര്യവും കേന്ദ്ര നേതൃത്വം തീരുമാനിക്കും.

നേരത്തേ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ ഭാഗമായി കുമ്മനം രാജശേഖരനെയും ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയേയും ബിജെപി ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചിരുന്നു. തിരുവന്തപുരവും കോട്ടയവും ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഒറ്റ സ്ഥാനാര്‍ത്ഥി ധാരണയിലെത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. 

കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും പി സി തോമസ് കോട്ടയത്തും മത്സരിക്കുമെന്നാണ് ധാരണ.അതേസമയം, പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളുടെ കാര്യത്തില്‍ വലിയ വടംവലിയാണ് സംസ്ഥാന നേതാക്കള്‍ക്കിടയിലുള്ളത്.  പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പിഎസ് ശ്രീധരന്‍ പിള്ള ആഗ്രഹിക്കുന്നുണ്ട്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് അമിത്ഷാ തന്നെ പറഞ്ഞ സാഹചര്യത്തില്‍ തൃശൂര്‍ മണ്ഡലം തുഷാറിന് നല്‍കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ബിജെപി സാധ്യത കല്‍പ്പിക്കുന്ന പത്തംനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നിലപാടെടുത്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് എം ടി രമേശും നേതൃത്വത്തെ അറിയിച്ചു. പാലക്കാട് ശോഭാ സുരേന്ദ്രന്‍ സീറ്റ് ഉറപ്പിച്ചിരുന്നെങ്കിലും വി മുരളീധരവിഭാഗം സി കൃഷ്ണകുമാറിന്റെ പേരുമായി രംഗത്ത് എത്തിയിട്ടുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS