ശബരിമല പ്രശ്നത്തില്‍ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഉടന്‍ അവസാനിപ്പിച്ചേക്കും. അതിനിടെ ആചാരസംരക്ഷണം ആവശ്യപ്പെട്ട് എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും.
ബിജെപിയുടെ റിലേ നിരാഹാരസമരം ശബരിമലയില്‍നിന്നും സെക്രട്ടറിയേറ്റിലേക്ക് മാറ്റിയപ്പോള്‍ തന്നെ വിവാദമായിരുന്നു. തുടക്കത്തിലുള്ള ആവേശം പിന്നീട് പോയെന്ന പരാതി പാര്‍ട്ടിക്കുള്ളില്‍തന്നെ ഉയര്‍ന്നു. അതിനിടെ സമരത്തിന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞുനിന്നതും സമരം തുടരുന്നതിനിടെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതും തിരിച്ചടിയായി.
എഎന്‍ രാധാകൃഷ്ണന്, സികെ പത്മനാഭന്, ശോഭ സുരേന്ദ്രന് തുടങ്ങിയവര്‍ നിരാഹാര സമരമിരുന്നു. റിവ്യൂഹര്‍ജി പരിഗണിക്കുന്നത് ഇനിയും വൈകുമെന്നതിനാല്‍ ഇന്ന് വൈകിട്ടോ അല്ലെങ്കില്‍ നാളെ രാവിലയോ സമരം അവസാനിപ്പിക്കാനാണ് ആലോചന. ഇന്ന് ചേരുന്ന നേതൃയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം നിര്‍ത്തിയാലും ശബരിമല പ്രശ്നം സജീവമാക്കി നിലനിര്‍ത്താന്‍ പ്രചാരണ പരിപാടികള്‍ക്കും രൂപം നല്‍കും. നാളെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദയി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.