jeevan news online

വാർത്തകൾ വിശദമായി

അലോക് വര്‍മ്മ രാജിവെച്ചു


സിബിഐ മുന്‍ഡയറക്ടര്‍ അലോക് വര്‍മ്മ സര്‍വീസില്‍നിന്ന് രാജിവെച്ചു. ഫയര്‍ സര്‍വീസ് ഡിജിയായുള്ള നിയമനം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി. തന്നെ നീക്കാന്‍ നടപടിക്രമങ്ങള്‍ അട്ടിമറിച്ചെന്നും സ്വാഭാവിക നീതി നിഷേധിച്ചെന്നും അലോക് വര്‍മ്മ ആരോപിച്ചു.

കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് കത്ത് നല്‍കി. ഇത് ഒരു രാജിക്കത്തിന് സമാനമാണെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേക്കും. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ലെന്ന് കത്തില്‍ അലോക് വര്‍മ്മ പറയുന്നുണ്ട്. സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. 

സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ഫയര്‍ സര്‍വീസസ് ഡിജി പദവി ഏറ്റെടുക്കാന്‍ പ്രായപരിധി തടസ്സമാണ്. അതിനാല്‍ എന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നും വര്‍മ്മ കത്തില്‍ കുറിച്ചു. അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ടുദിവസത്തെ ഉത്തരവുകള്‍ സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു റദ്ദാക്കി. സിബിഐയുടെ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെയാണ് നാഗേശ്വര റാവു അലോക് വര്‍മ്മയുടെ ഉത്തരവുകള്‍ റദ്ദാക്കിയത്. 










<

JEEVAN TV NEWS

JEEVAN TV NEWS