jeevan news online

വാർത്തകൾ വിശദമായി

കേരളത്തിന്  പ്രളയ സെസ് ഈടാക്കാന്‍ അനുമതി 


കേരളത്തിന് രണ്ടുവര്‍ഷത്തേയ്ക്ക് ഒരുശതമാനം പ്രളയ സെസ് ഈടാക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ അനുമതി നല്‍കി. ജി.എസ്.ടി രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷം രൂപയില്‍നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചതാണ് ഇക്കാര്യം.

കേരളത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് ഡെല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഉണ്ടായത്. ദേശീയതലത്തില്‍ ഇത്തരമൊരു സെസ് പിരിക്കാനായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് മറ്റ് സംസ്ഥാനങ്ങള്‍ അനുകൂലമായിരുന്നില്ല. ദേശീയതലത്തില്‍ സെസ് പിരിക്കുന്നത് അപ്രായോഗികമാണെന്നായിരുന്നു മന്ത്രിതല ഉപസമിതിയും എടുത്ത നിലപാട്. എന്നാല്‍ കേരളത്തില്‍ മാത്രം സെസ് പിരിക്കാമെന്ന ധാരണയിലേയ്ക്ക് ഉപസമിതി എത്തിയിരുന്നു. ഇവര്‍ നല്‍കിയ ശുപാര്‍ശ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തതിന് ശേഷം രണ്ടുവര്‍ഷത്തേയ്ക്ക് സെസ് പിരിക്കാന്‍ കേരളത്തിന് അനുമതി നല്‍കി. ഇതിലൂടെ പ്രളയക്കെടുതി നേരിടാനായി വലിയൊരു തുക സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 
 
ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തണമെന്നകാര്യം ഇനി കേരളത്തിന് തീരുമാനിക്കാം. ഇക്കാര്യം ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് തോമസ് ഐസക്ക് അറിയിച്ചിരുന്നത്. കേരളത്തിനുള്ളില്‍ നടക്കുന്ന വില്‍പ്പനകള്‍ക്ക് മാത്രം സെസ് ഏര്‍പ്പെടുത്താനാണ് അനുമതി. ഇതിലൂടെ ഒരുവര്‍ഷം 500 കോടിരൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അവശ്യസാധനങ്ങള്‍ ഒഴിവാക്കി മറ്റുത്പന്നങ്ങള്‍ക്ക് മേല്‍ കേരളത്തില്‍ സെസ് ചുമത്തിയേക്കുമെന്നാണ് വിവരം.










<

JEEVAN TV NEWS

JEEVAN TV NEWS