jeevan news online

വാർത്തകൾ വിശദമായി

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്


പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. റഫാല്‍ ഇടപാടിലെ ആരോപണങ്ങള്‍ക്കും വാദങ്ങള്‍ക്കും ഒരു സ്ത്രീയെ ഇറക്കി മോഡി ഒളിച്ചോടിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. രാഹുലിന്റെ ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമാണ് ഉയര്‍ത്തിയത്.

പ്രതിരോധമന്ത്രിക്കെതിരായ രാഹുലിന്റെ പരമാര്‍ശത്തിനാണ് ദേശീയവനിതാ കമ്മീഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടീസ് നല്‍കിയത്.. രാഹുലിന്റെ പരാമര്‍ശം ഒരു സ്ത്രീയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ സ്വമേധയാ ആണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. 

പൊതുരംഗത്തുള്ള സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് കാട്ടി രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിലുള്ള പ്രമുഖര്‍ രംഗത്തു വന്നിരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന ഒരു റാലിയില്‍ സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. എന്നാല്‍ വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ നിന്നാണ് ലിംഗനീതിയും ബഹുമാനവും തുടങ്ങുന്നത് എന്നാണ് മോദിയുടെ ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി നല്‍കിയത്.










<

JEEVAN TV NEWS

JEEVAN TV NEWS