jeevan news online

വാർത്തകൾ വിശദമായി

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി 


അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. റഫാലിന്റെ എതിരാളിയായ യൂറോഫൈറ്റര്‍ എന്ന കമ്പനിക്കായി മിഷേല്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് മോഡിയുടെ വിമര്‍ശനം.

മിഷേല്‍ വേറെ ചില കമ്പനിക്കായി സ്വാധീനിക്കുകയായിരുന്നുവെന്ന് നരേന്ദ്രമോഡി പറഞ്ഞു. നേരത്തെ ശബ്ദമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ മറുപടി പറഞ്ഞേ തീരു. മിഷേലുമായി ഉണ്ടായിരുന്ന ബന്ധമെന്തായിരുന്നു. അവര്‍ മറുപടി പറയില്ല. കാവല്‍ക്കാരന്‍ അതിനെ കുറിച്ച് ചോദിക്കില്ലെന്ന് കരുതിയോയെന്ന്  മോഡി പരിഹസിച്ചു. മഹാരാഷ്ട്രയിലെ സോലാപൂരില്‍ നടന്ന റാലിക്കിടെയായിരുന്നു ആരുടെയും പേരെടുത്ത് പറയാതെ മോഡിയുടെ പരിഹാസം.

പ്രതിഫലം പറ്റിയ ആളുകളുടെ സുഹൃത്തുക്കള്‍ കാവല്‍ക്കാരനെ ഭയപ്പെടുത്താമെന്നാണ് സ്വപ്‌നം കാണുന്നത്. പക്ഷെ അവരെല്ലാം നിരാശപ്പെടാന്‍ പോവുകയാണ്. കാവല്‍ക്കാരന്‍ ഭയക്കുുകയോ ഉറങ്ങുകയോ ചെയ്യുന്ന ആളല്ല. അവര്‍ക്ക് എനിക്ക് നേരെയുള്ള ആക്ഷേപങ്ങള്‍ തുടരാം. പക്ഷെ ഈ ശുദ്ധീകരണയജ്ഞം തുടരുക തന്നെ ചെയ്യുമെന്നും മോഡി പറഞ്ഞു. നേരത്തെ റഫാല്‍ ഇടപാടില്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രയോഗം രാഹുല്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു. നിങ്ങള്‍ ഈ കാവല്‍ക്കാരനെ പിന്തുണക്കുന്നുണ്ടോ എന്നും റാലിയില്‍ ജനക്കൂട്ടത്തോട് പ്രധാനമന്ത്രി ചോദിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS