jeevan news online

വാർത്തകൾ വിശദമായി

സാമ്പത്തിക സംവരണബില്‍ രാജ്യസഭയും പാസാക്കി


 

മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം സംബന്ധിച്ച ബില്‍ രാജ്യസഭയും പാസാക്കി. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നത് അടക്കമുള്ള ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ഭരണഘടനാ ഭേദഗതി ബില്‍.

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് (എം) ഉം ബില്ലിനെ അനുകൂലിച്ചപ്പോള്‍ മുസ്‌ലിം ലീഗ് എതിര്‍ത്തു. സ്വകാര്യ മേഖലയിലും സംവരണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കോണ്‍ഗ്രസാണ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുന്നയിച്ചത്.കഴിഞ്ഞ ദിവസം മൂന്നിനെതിരേ 323 വോട്ടുകള്‍ക്ക് ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ള പ്രധാന പ്രതിപക്ഷകക്ഷികളെല്ലാം ബില്ലിനെ അനുകൂലിച്ചു. മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എ.ഐ.എം.ഐ.എമ്മിലെ അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ലോക്‌സഭയില്‍ ബില്ലിനെതിരേ വോട്ടുചെയ്തത്. 

എ.ഐ.എ.ഡി.എം.കെ.യിലെ തമ്പിദുരൈ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും 10 ശതമാനം സംവരണം ബില്‍ വ്യവസ്ഥ ചെയ്യുന്നു. സമാനമായി വിദ്യാഭ്യാസത്തിലും സംവരണമുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളല്ലാത്ത, എയ്ഡഡും അണ്‍ എയ്ഡഡുമായ സ്വകാര്യവിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല. മാനദണ്ഡങ്ങള്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കും.










<

JEEVAN TV NEWS

JEEVAN TV NEWS