jeevan news online

വാർത്തകൾ വിശദമായി

അയോധ്യകേസില്‍ നാളെമുതല്‍  വാദം കേള്‍ക്കും 


അയോധ്യ ഭൂമിതര്‍ക്കക്കേസിലെ വാദം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിടാന്‍ സുപ്രീംകോടതിയുടെ തീരുമാനം. നാളെമുതല്‍ കേസില്‍ വാദം കേള്‍ക്കും 

അയോധ്യ ഭൂമിതര്‍ക്കകേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡേ, എന്‍ വി രമണ, യു യു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുണ്ടാവുക. ഭൂമി മൂന്നായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് ബെഞ്ച് പരിഗണിക്കുക. അയോദ്ധ്യയിലെ 2.27ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും നിര്‍മ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നല്‍കണമെന്നായിരുന്നു 2010ല്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. 

ഇതിനെതിരെയാണ് അപ്പീലുകള്‍ സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. ഇതിന് പുറമെ അയോധ്യയിലെ തര്‍ക്കഭൂമി ബുദ്ധ ക്ഷേത്രം ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ട്. അതേസമയം, സുപ്രീംകോടതി വിധി കാത്ത് നില്‍ക്കാതെ രാമക്ഷേത്രനിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്നാണ് ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓഡിനന്‍സ് പുറപ്പെടുവിക്കണമെന്നും സംഘടകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മറുപടി.










<

JEEVAN TV NEWS

JEEVAN TV NEWS