jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ ആലപ്പുഴയില്‍ തിരിതെളിയും



59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ ആലപ്പുഴയില്‍ തിരിതെളിയും. അഞ്ച് പ്രധാനവേദികള്‍ ഉള്‍പ്പെടെ 30 വേദികളിലായാണ് മത്സരങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പന്ത്രണ്ടായിരത്തോളം പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. മൂന്ന്‌നാള്‍ നീളുന്ന കലാ മാമാങ്കത്തെ വരവേല്‍ക്കാന്‍ കിഴക്കിന്റെ വെനീസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പ്രളയത്തെത്തുടര്‍ന്നുള്ള ആലപ്പുഴയുടെ അതിജീവനത്തിന് കലോത്സവം കരുത്താകും. നെഹ്‌റു ട്രോഫി ജലമേളക്ക് ശേഷം ആലപ്പുഴയില്‍ നടക്കുന്ന വലിയ ആഘോഷമാണ്, സ്‌കൂള്‍ കലോത്സവം. ഇക്കുറി ആര്‍ഭാടങ്ങളില്ലാതെയാണ് കലാമേള. അതുകൊണ്ട് തന്നെ മുന്‍ വര്‍ഷങ്ങളിലേത് പോലെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ ഉണ്ടാവില്ല.

 ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ്, ഗവര്‍ണ്‍മെന്റ് മോഡല്‍ ഗേള്‍സ് എച്ച്എസ്എസ്, എസ്ഡിവി സെന്റനറി ഹാള്‍, ടിഡി എച്ച്എസ്എസ്, സെന്റ് ജോസഫ് എച്ച്എസ്എസ് തുടങ്ങി ആലപ്പുഴ നഗരത്തിലും പരിസരത്തുമായി സജ്ജമാക്കിയിട്ടുള്ള 30 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ലിയോ തേര്‍ട്ടീന്തിലാണ് ഒന്നാം വേദി.

കലോത്സവത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. ജില്ലയിലെ പ്രശസ്ത എഴുത്തുകാരുടെ കൃതികളുടെ പേരുകളാണ് ഇത്തവണ വേദികള്‍ക്ക് നല്‍കിയിട്ടുള്ളത്. പാചക വിദഗ്ദനായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടായിരം പേര്‍ക്കാണ് ഒരേ സമയം ഭക്ഷണം തയ്യാറാക്കുന്നത്. മൊത്തം 30 വേദികളിലായി 188ഇനങ്ങളിലാണ് മത്സരങ്ങള്‍.

 അഞ്ചും, ആറും ദിവസങ്ങള്‍ കൊണ്ട് നടത്തിയിരുന്ന മത്സരങ്ങള്‍ ഇത്തവണ മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കണം. വേദികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും സമയ ക്ലിപ്തത പാലിക്കാന്‍ കഴിയുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നൃത്ത മത്സരങ്ങളോടെയാകും പ്രധാന വേദികളുണരുക.

 സുരക്ഷയ്ക്കായി 1200 പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. അടിയന്തിര സേവനത്തിനായി വനിതാ പൊലീസ് ബെറ്റാലിയനില്‍ നിന്ന് 1 കമ്പനി പോലീസും 1 കമ്പനി സായുധ പോലീസുമുണ്ടാവും. ഒന്നര പതിറ്റാണ്ടിന് ശേഷം എത്തുന്ന കലോത്സവത്തെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS