jeevan news online

വാർത്തകൾ വിശദമായി

മിന്നല്‍പണിമുടക്ക് ; ജീവനക്കാര്‍ക്കെതിരെ സ്വമേധയാ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി



മിന്നല്‍പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സിക്ക് സ്വമേധയാ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. നടപടിയെടുക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കെ.എസ്.ആര്‍.ടി.സി തേടേണ്ടതില്ലന്നും കോടതി നിര്‍ദേശിച്ചു.

മിന്നല്‍ പണിമുടക്കില്‍ ഏര്‍പ്പെട്ട 102 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയറാണെന്ന് കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചിരുന്നു.കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിച്ചതിനെതിരെയാണ് ഒക്ടോബര്‍ 16 ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 4 മണിക്കൂര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.

 പണിമുടക്ക് നടത്തിയതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടാകുകയും യാത്രക്കാര്‍ വലയുകയും ചെയ്തത് ചൂണ്ടിക്കാട്ടി പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനാണ് കോടതിയെ സമീപിച്ചത്.മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ തയാറാണെങ്കിലും സര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ടന്ന് കെ.എസ്.ആര്‍.ടി.സി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

പണിമുടക്കില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് പരാതി സമര്‍പ്പിച്ചിരുന്നു. ഇതില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജിക്കാര്‍ നല്‍കിയ പരാതിയില്‍ ഒരു മാസത്തിനകം കെ.എസ്.ആര്‍.ടി.സി തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS