jeevan news online

വാർത്തകൾ വിശദമായി

കന്നഡ ചലച്ചിത്ര താരവും മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അംബരീഷ് അന്തരിച്ചു



കന്നഡ ചലച്ചിത്ര താരവും മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്കസംബന്ധമായ അസുഖത്തിനു ചികിത്സയിലിരിക്കെ, ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

മണ്ഡ്യയിലെ മദ്ദൂര്‍ ദൊഡ്ഡരസിനക്കെരെയില്‍ 1952 മേയ് 29നു ജനിച്ച അംബരീഷ് എണ്‍പതുകളിലെ ജനപ്രിയ നായകനായിരുന്നു. ഇരുന്നൂറ്റന്‍പതിലേറെ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലും വേഷമിട്ടു. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത 'ഗാനം' എന്ന ചിത്രത്തില്‍ നായകനായി.

 എണ്‍പതുകളില്‍ മലയാളത്തില്‍ സജീവമായിരുന്ന നടി സുമലതയാണു ഭാര്യ. 1994ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അംബരീഷ് പാര്‍ട്ടി സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് 96ല്‍ ജനതാദളില്‍ ചേര്‍ന്നു. 1998ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അംബരീഷ് രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.

പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദ്ദേഹം മാണ്ഡ്യയില്‍ നിന്നും രണ്ട് തവണ കൂടി ലോക്‌സഭയിലേക്ക് ജയിച്ചു. 2006ല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ വാര്‍ത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. നാല് മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിന്റെ വിധിയില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജി വെക്കുകയായിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS