jeevan news online

വാർത്തകൾ വിശദമായി

ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് പിടി.റഹീമിന്റെ മകന്‍ അറസ്റ്റില്‍



ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ഇടത് എം.എല്‍.എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമില്‍ പിടിയിലായി . എം.എല്‍.എയുടെ മകന്‍ ഷബീര്‍, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരാണ് പിടിയിലായത്.

അടുത്തിടെ സൗദി പൊലീസ് നടത്തിയ അന്വേഷണത്തില്‍ സൗദി രാജകുടുംബാംഗം ഉള്‍പ്പെടെയുള്ളവര്‍ ഹവാലക്കേസില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മലയാളികള്‍ അടങ്ങുന്ന 20 അംഗ സംഘം പിടിയിലായത്. ഒരു മാസം മുമ്പ് തന്നെ ഇയാള്‍ സൗദി പൊലീസിന്റെ പിടിയിലായെന്നാണ് വിവരം. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.എല്‍.എയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എം.എല്‍.എ ഉപയോഗിക്കുന്ന കാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നല്‍കിയതെന്നായിരുന്നു ആരോപണം. എം.എല്‍.എയ്ക്ക് അനധികൃത പണമിടപാടുകള്‍ ഉണ്ടെന്നും പ്രതിപക്ഷ ആരോപണം ഉയര്‍ന്നിരുന്നു.

 ഇക്കാര്യം ചൂണ്ടിക്കാട്ടി കൊടുവള്ളി മുസ്‌ലിം ലീഗ് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സി.പി.എം സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയ്ക്കിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ ആഡംബര വാഹനമായിരുന്നു. ഇതിന് പിന്നിലും പി.ടി.എ റഹീമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS