jeevan news online

വാർത്തകൾ വിശദമായി

തമിഴ്‌നാട്ടില്‍ നാശംവിതച്ച് ഗജ ചുഴലിക്കാറ്റ്


 

തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേരിയിലെ കാരയ്ക്കല്‍ തുടങ്ങിയ ജില്ലകളില്‍ നാശംവിതച്ച് ഗജ ചുഴലിക്കാറ്റ് കരകടന്നു. 110 കിലോമീറ്ററോളം വേഗത്തില്‍ വീശിയ കാറ്റില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് നാശമുണ്ടായി. ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. 

ഇന്നലെ അര്‍ദ്ധരാത്രി 12.30ഓടെ വീശിത്തുടങ്ങിയ കാറ്റ് രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. ചുഴലിക്കാറ്റില്‍ തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ട ജില്ലകളില്‍ നാശനഷ്ടങ്ങളുണ്ടായി. ചെന്നൈ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്തു. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും തെക്കന്‍ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളില്‍ ചെന്നൈയിലും സമീപ ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

അഞ്ചുദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍, ചെന്നൈയില്‍നിന്ന് 925 കിലോ മീറ്ററോളം അകലെയാണ് 'ഗജ' ചുഴലിക്കാറ്റ് രൂപം കൊണ്ടത്. തമിഴ്‌നാട്ടിലെ കടലൂരിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ വീശുമെന്നായിരുന്നു ആദ്യപ്രവചനം. പിന്നീട് കാറ്റിന്റെ ഗതിമാറി നാഗപട്ടണം, കടലൂര്‍ തീരത്തേക്ക് നീങ്ങുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് നാഗപട്ടണത്തില്‍നിന്ന് 510 കിലോമീറ്റര്‍ അകലെ എത്തിച്ചേര്‍ന്ന കാറ്റ് വ്യാഴാഴ്ച പകല്‍ കരുത്താര്‍ജിക്കുകയായിരുന്നു. മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തിലായിരുന്ന കാറ്റിന്റെ ശക്തി 25 കിലോമീറ്ററിലെത്തി. 

വൈകുന്നേരം തീരത്തിന് 135 കിലോമീറ്റര്‍ അടുത്തെത്തിയതോടെ മഴ കനത്തു. വേഗം കുറഞ്ഞും കൂടിയും നിന്നതിന് ശേഷം അര്‍ധരാത്രിക്കുശേഷം കരയിലേക്ക് വീശുകയായിരുന്നു. നാഗപട്ടണം അടക്കം കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയത് ദുരിതത്തിന്റെ തീവ്രത കുറച്ചു. ദേശീയ ദുരന്തര നിവാരണസേനയും സംസ്ഥാന റവന്യൂ, പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളും മുന്‍കരുതല്‍ നടപടികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി ആര്‍.ബി. ഉദയകുമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടസാധ്യത മുന്‍കൂട്ടിക്കണ്ട് 63,203 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 










<

JEEVAN TV NEWS

JEEVAN TV NEWS