jeevan news online

വാർത്തകൾ വിശദമായി

കനത്തമഴ; കുവൈത്തില്‍ അതീവജാഗ്രത



കുവൈത്തില്‍ മഴശക്തമാകുന്നു. പൊതുജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കി. അതിനിടെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ കുവൈത്തിലേക്ക് പോകുന്ന പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

കഴിഞ്ഞ ആഴ്ചത്തെ കനത്തമഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനിടെയാണ് മഴ വീണ്ടും കനക്കുന്നത്. മംഗഫ്, ഫഹാഹീല്‍, അഹമ്മദി തുടങ്ങി പല മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി വൈദ്യുതമന്ത്രി ബഖീത് അല്‍ റാഷിദി അറിയിച്ചു. മഴ തുടരുമെന്നതിനാല്‍ റോഡുകളിലടക്കം വെള്ളക്കെട്ടുണ്ടാകുമെന്നും കാല്‍നട യാത്രക്കാരും വാഹനം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

 അറുപതു കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മഴ കണക്കിലെടുത്ത് രാജ്യത്തെ എല്ലാ സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. സാമൂഹിക മന്ത്രാലയത്തിന് കീഴിലെ ഹാളുകളും ഓഡിറ്റോറിയങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളായി തുടരുകയാണ്.

മഴക്കെടുതി കാരണം കുവൈത്ത് വിമാനത്താവളം അടച്ചിട്ടു തുടര്‍ന്ന് ഇന്നലെ രാത്രി കുവൈത്തില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ ദമാം, റിയാദ്, എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിരുന്നു.എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ ദമാമിലേക്കു തിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ഖത്തറിലെ ദോഹയില്‍ ഇറക്കി.

72 മണിക്കൂര്‍ അടിയന്തര സേവനത്തിനു തയ്യാറാകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നഴ്‌സുമാര്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. അധിക യൂണിഫോം ഉള്‍പ്പെടെ ആശുപത്രിയില്‍ ഹാജരാകാനാണ് നിര്‍ദേശം.അതേസമയം, യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ കുവൈത്തിലുള്ള പൌരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS