jeevan news online

വാർത്തകൾ വിശദമായി

ജമാല്‍ ഖഷോഗിയുെട കൊലപാതകം ആസൂത്രിതമെന്ന് സൗദി


മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുെട കൊലപാതകം നേരത്തേ ആസൂത്രണംചെയ്തതാണെന്ന് സൗദി. വ്യാഴാഴ്ച സൗദി പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം  അറിയിച്ചത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി കൊല്ലപ്പെടുന്നത്.ജമാല്‍ ഖഷോഗിയുെട കൊലപാതകം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല എന്നും മല്‍പ്പിടുത്തത്തിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമായിരുന്നു സൗദി ഇതുവരെ ആവര്‍ത്തിച്ചിരുന്നത്. 

തുര്‍ക്കിസൗദി സംയുക്ത അന്വേഷണസംഘത്തില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തുവരികയാണ് എന്ന് സൗദി ഔദ്യോഗിക ടെലിവിഷന്‍ ചാനലില്‍ നടത്തിയ പ്രസ്താവനയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസില്‍ സൗദി കോണ്‍സുലേറ്റിലെ 38 ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടായേക്കുമെന്ന് യു.എസ്. 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.ഈ പ്രസ്താവനക്കു പിന്നാലെയാണ് സൗദിയുടെ നിലപാടുമാറ്റം. അതിനിടെ ഖഷോഗി വധത്തില്‍ നിര്‍ണായകതെളിവെന്ന് തുര്‍ക്കി അവകാശപ്പെടുന്ന സൗദി കോണ്‍സുലേറ്റിലെ ശബ്ദദൃശ്യ റെക്കോഡുകള്‍ യു.എസ്. രഹസ്യാന്വേഷണവിഭാഗം മേധാവി ജിന ഹസ്‌പെലിനെ കേള്‍പ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഖഷോഗി വധത്തില്‍ സൗദി അറേബ്യ മറുപടി നല്‍കേണ്ട ചോദ്യങ്ങള്‍ ഇനിയുമുണ്ടെന്ന് തുര്‍ക്കി ആവര്‍ത്തിച്ചു.  ആരാണ് കൊലപാതകം ചെയ്തത്, കൊലപാതകത്തിന് ഉത്തരവിട്ടതാര്,  മൃതദേഹം എന്തുചെയ്തു,  തുടങ്ങിയവയ്ക്ക് മറുപടി ലഭിച്ചില്ലെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് കാവുസോഗ്ലു പറഞ്ഞു. എന്തിനാണ് 18 പേരെ അറസ്റ്റുചെയ്തതെന്ന് സൗദി വ്യക്തമാക്കണം. ഇക്കാര്യങ്ങള്‍ അറിയാന്‍ ഖഷോഗിയുടെ കുടുംബവും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS