jeevan news online

വാർത്തകൾ വിശദമായി

ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും; രമേശ് ചെന്നിത്തല രംഗത്ത്‌



ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ലൈസന്‍സ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനാണെന്നും സിപിഎമ്മിന് ഫണ്ട് ശേഖരിക്കാന്‍ എക്‌സൈസ് വകുപ്പ് തീവെട്ടിക്കൊള്ള നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.


പാലക്കാട്ടെ എലപ്പുള്ളിയില്‍ അനുവദിച്ച ബ്രൂവറിക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ടാണ് അപേക്ഷ വാങ്ങിയത്. ഇത്തരക്കാര്‍ക്കൊക്കെ എങ്ങനെ മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചുവെന്നത് ആര്‍ക്കും അറിയില്ല. എല്ലാം നിയമപരമായിട്ടാണ് മുന്നോട്ടുപോയിരുന്നതെങ്കില്‍ പിന്നെന്തിനാണ് അനുമതി റദ്ദാക്കിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


ബ്രൂവറികള്‍ക്കും ഡിസ്റ്റിലറിക്കും നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ്. ഇല്ലെങ്കില്‍ വലിയ ഗൂഢാലോചന കഥകള്‍ പുറത്തുവരുമായിരുന്നു. ഇത് മുന്നില്‍കണ്ടാണ് മുഖ്യമന്ത്രി അനുമതി റദ്ദാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രൂവറികള്‍ക്കും ഡിസ്റ്റിലറിക്കും അനുമതി നല്‍കിയതില്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും സ്വാര്‍ത്ഥ താത്പര്യങ്ങളുണ്ടായിരുന്നു. സിപിഎമ്മിന്റെ ധനസമാഹരണകേന്ദ്രമാണ് എക്‌സൈസ് വകുപ്പെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ അഴിമതിക്കഥകള്‍ പുറത്തുവരുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൗനം സംശയാസ്പദമാണ്. താന്‍കൂടി അറിഞ്ഞ് അഴിമതി നടന്നില്ലെന്നാണ് കോടിയേരിയുടെ വിഷമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS