jeevan news online

വാർത്തകൾ വിശദമായി

സുപ്രീംകോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്ര കുമാര്‍ യാദവ്



സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും നിഷേധിക്കപ്പെട്ടതിനാല്‍ പ്രസ്തുത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്‌പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിലെ വാദം നടക്കുന്ന റായ് ബറേലി മജിസ്‌ട്രേറ്റ് കോടതി സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് സുപ്രീംകോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയ്ക്കും മുരളീമനോഹര്‍ ജോഷിയ്ക്കുമെതിരെ ഗൂഡാലോചനാക്കുറ്റം വീണ്ടും അന്വേഷിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. 2017 ഏപ്രിലിലായിരുന്നു കോടതി ഉത്തരവിറക്കിയത്. അതോടൊപ്പം തന്നെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാനുള്ള എല്ലാ കേസുകളും റായ്ബറേലി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ കേസിന്റെ വാദം പൂര്‍ത്തിയാകുന്നതു വരെ ജഡ്ജിയ്ക്ക് സ്ഥലംമാറ്റം അനുവദിക്കരുതെന്നും നിര്‍ദേശിച്ചു.ഇങ്ങനെയൊരുത്തരവിനെ തുടര്‍ന്ന് 2018 ജൂണില്‍ അലഹബാദ് കോടതിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി നിയമിച്ച് തനിക്ക് ലഭിച്ച ഉത്തരവ് റദ്ദാക്കപ്പെട്ടുവെന്നും സുരേന്ദ്രനാഥ് യാദവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

അയോധ്യക്കേസിലെ വാദം പൂര്‍ത്തിയാകുന്നതു വരെ സ്ഥലം മാറ്റം അനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആ ഉത്തരവ് റദ്ദാക്കപ്പെട്ടതെന്ന് യാദവ് സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാനും ഇന്ദു മല്‍ഹോത്രയും അടങ്ങുന്ന ബെഞ്ച് സുരേന്ദ്ര കുമാര്‍ യാദവിനോട് സുപ്രീം കോടതി അനുവദിച്ച രണ്ടു വര്‍ഷത്തെ കാലയളവിനുള്ളില്‍ കേസിന്റെ വാദം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു. വാദം പൂര്‍ത്തിയാകുന്നതനുസരിച്ച് യാദവിന്റെ ആവശ്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS