jeevan news online

വാർത്തകൾ വിശദമായി

തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി



ആര്‍ക്കും തോല്‍പിക്കാനാകാത്ത ഇന്ത്യ, അടിയുറച്ച ബിജെപി എന്ന മുദ്രാവാക്യം ഉയര്‍ത്തി പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയില്‍ ധാരണ. മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങാനും ഡെല്‍ഹിയില്‍ സമാപിച്ച ദേശീയ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.


കഴിഞ്ഞ തവണത്തെ 'അച്ഛേ ദിന്‍' ഉപേക്ഷിച്ച ബിജെപി, ഇത്തവണ പുതിയ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിലേക്ക്. 'അജയ്യ ഭാരത്, അടല്‍ ബിജെപി' എന്ന മുദ്രാവാക്യം പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപിച്ചത്. മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങാനും യോഗം തീരുമാനിച്ചു. അടുത്ത 50 വര്‍ഷവും ബിജെപി ഇന്ത്യ ഭരിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളും രാജ്യത്തിന്റെ പുരോഗതിയും മുറുകെപിടിച്ചു കൊണ്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുക. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കുള്ള ആദരവു കൂടിയായാണു പുതിയ മുദ്രാവാക്യം. മുഖത്തോടു മുഖം നോക്കാന്‍ പോലും മടിച്ചിരുന്നവരാണ് ഇപ്പോള്‍ മഹാസഖ്യമുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്നാണ് ഇതു തെളിയിക്കുന്നത്. ചെറുപാര്‍ട്ടികള്‍ പോലും സഖ്യത്തില്‍ കോണ്‍ഗ്രസിനെ നേതൃനിരയിലേക്കു വരാന്‍ അനുവദിക്കില്ല. രാജ്യത്തെ സമൃദ്ധിയിലേക്കു നയിക്കുകയാണു തന്റെ ലക്ഷ്യം. ലാളിത്യത്തിലൂന്നിയായിരിക്കും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്ന് മോദി പറഞ്ഞു. കഴിവു തെളിയിക്കുന്നതിലേക്കും പ്രതീക്ഷകളിലേക്കുമാണു രാജ്യത്തിന്റെ രാഷ്ട്രീയം നീങ്ങുന്നത് എന്നും  ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി അനായാസ വിജയം നേടുമെന്നും സമ്മേളനകാര്യങ്ങള്‍ വിശദീകരിച്ച മന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും അവിടെ പാര്‍ട്ടി തോറ്റിട്ടില്ല. അതു ബിജെപിയുടെ ഭരണമികവു കൊണ്ടാണെന്നു ഷാ പറഞ്ഞതായി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS