jeevan news online

വാർത്തകൾ വിശദമായി

വിനോദ സഞ്ചാരികള്‍ക്ക് ഒമാനില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുന്നു


ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുന്നു. റോയല്‍ ഒമാന്‍ പോലീസുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണെന്ന് ക്യാപ്പിറ്റല്‍ മാര്‍ക്കറ്റിങ് അതോറിറ്റി അറിയിച്ചു.രാജ്യത്തെ സ്വകാര്യ മേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അന്തിമ ഘട്ടത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.നൂറില്‍ അധികം തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക.

രാജ്യത്തെ വിമാനത്താവളങ്ങളിലും, റോഡുമാര്‍ഗമുള്ള അതിര്‍ത്തികളിലും , തുറമുഖങ്ങളിലും കൂടി എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുവാനുള്ള നടപടികള്‍ റോയല്‍ ഒമാന്‍ പോലീസ് ആരംഭിച്ചു കഴിഞ്ഞു.രാജ്യത്തെ മുഴുവന്‍ മേഖലകളിലും ആരോഗ്യ പരിരക്ഷ നടപ്പിലാക്കുവാനുള്ള ഒമാന്‍ മന്ത്രി സഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതോടൊപ്പം രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തു വരുന്ന എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ പരിരക്ഷ പ്രാവര്‍ത്തികമാക്കുവാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി കഴിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒമാന്‍ ആരോഗ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, ചേംബര്‍ ഓഫ് കൊമേഴ്‌സ് , ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ആരോഗ്യ സേവന സ്ഥാപനങ്ങള്‍, തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചാണ് ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നത്.നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ രൂപീകരിക്കപ്പെട്ട കമ്മിറ്റി, ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പ്പെടെയുള്ള മറ്റു നിയമ വശങ്ങളുടെയും പഠനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നൂറില്‍ അധികം തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍ വരിക. രണ്ടാം ഘട്ടത്തില്‍ 50 മുതല്‍ 100 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് അനുവദിക്കേണ്ടിവരും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS