jeevan news online

വാർത്തകൾ വിശദമായി

ഒമാനില്‍ വ്യാജരേഖചമയ്ക്കല്‍ കേസുകളില്‍ വര്‍ദ്ധന


ഒമാനില്‍ വ്യാജരേഖ ചമയ്ക്കല്‍ കേസുകള്‍ കുത്തനെ വര്‍ദ്ധിച്ചു. കഴിഞ്ഞവര്‍ഷം 84.1 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്തരം കേസുകളില്‍ ഉണ്ടായത്.2016ലെ 396 കേസുകളുടെ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 746 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2014ല്‍ 386ഉം 2015ല്‍ 290 ഉം വ്യാജരേഖ ചമക്കല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാജ കറന്‍സി കൂടാതെ ചെക്കുകള്‍, ഔദ്യോഗിക സീലുകള്‍, വിസ, പാസ്‌പോര്‍ട്ട്, ഔദ്യോഗിക രേഖകള്‍, സ്വകാര്യ രേഖകള്‍, വിവിധ ബില്ലുകള്‍ തുടങ്ങിയവയില്‍ കൃത്രിമത്വം കാണിച്ചതിനാണ് കഴിഞ്ഞ വര്‍ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ വ്യാജ കറന്‍സി കേസുകളാണ് കൂടുതലും. വ്യാജ കറന്‍സി നിര്‍മിച്ചതിനും കൈകാര്യം ചെയ്തതിനും 375 കേസുകളാണ് കഴിഞ്ഞവര്‍ഷം എടുത്തത്. 2016ല്‍ കേവലം 46 കേസുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. ഔദ്യോഗിക രേഖകളിലെ കൃത്രിമത്വമാണ് രണ്ടാം സ്ഥാനത്ത്. 236 കേസുകളാണ് ഈ വിഭാഗത്തിലുള്ളത്. ചെക്കുകളിലെ കൃത്രിമത്വവുമായി ബന്ധപ്പെട്ട കേസുകള്‍ ഏഴില്‍നിന്ന് 67 ആയി വര്‍ധിച്ചപ്പോള്‍ സ്വകാര്യരേഖകളുമായി ബന്ധപ്പെട്ടത് 53ല്‍ നിന്ന് 43 ആയി കുറഞ്ഞു. വ്യാജ ബില്ലുമായി ബന്ധപ്പെട്ട് 17 കേസുകളുണ്ടായി. 2016ല്‍ ഒന്നുപോലും ഉണ്ടായിരുന്നില്ല.

ഔദ്യോഗിക സീലുമായി ബന്ധപ്പെട്ട് നാല് കേസും മൂന്നു വിസാ കേസും ഒരു പാസ്‌പോര്‍ട്ട് തട്ടിപ്പ് കേസും 2017ല്‍ രജിസ്റ്റര്‍ ചെയ്തു. സാമ്പത്തികവും ധാര്‍മികവും സാമൂഹികവുമായ അനന്തരഫലങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിനാല്‍ ഔദ്യോഗിക രേഖകളില്‍ കൃത്രിമത്വം വരുത്തുന്നവര്‍ക്കെതിരായ നിരീക്ഷണത്തിനും പോരാട്ടത്തിനുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ആര്‍.ഒ.പി വക്താവ് പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS