jeevan news online

വാർത്തകൾ വിശദമായി

താജ്മഹല്‍ സംരക്ഷിക്കാന്‍ നടപടിസ്വീകരിക്കാത്തതില്‍ സുപ്രീം കോടതിക്ക് അതൃപ്തി



ലോകാത്ഭുങ്ങളിലൊന്നായ താജ്മഹലിന്റെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും നടപടി സ്വീകരിക്കാത്തതില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഒന്നുകില്‍ താജ്മഹല്‍ അടച്ചു പൂട്ടണം അല്ലെങ്കില്‍ വേണ്ടതു പോലെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുപ്രീം കോടതി ശക്തമായ ഭാഷയില്‍ നിര്‍ദ്ദേശം നല്‍കി.താജ്മഹലിനെ നേരാവണ്ണം സംരക്ഷിക്കുന്നതില്‍ അധികൃതര്‍ ഉദാസീന മനോഭാവമാണ് സ്വീകരിക്കുന്നത് എന്നും താജ്മഹലിന്റെ സംരക്ഷണത്തിനായി കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം യു.പി സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

താജ്മഹല്‍ ഫ്രാന്‍സിലെ ഐഫല്‍ ടവറിനെക്കാള്‍ മനോഹരമാണ്. അത്രയും മനോഹരമായ താജ്മഹലിനെ നന്നായി പരിരക്ഷിക്കുയാണെങ്കില്‍ കേന്ദ്രത്തിന്റെ വിദേശ വിനിമയ പ്രശ്‌നം തന്നെ പരിഹരിക്കപ്പെടും. നിങ്ങളുടെ ഈ ഉദാസീനത കൊണ്ട് രാജ്യത്തിനുണ്ടാകുന്ന നഷ്ടം എന്താണെന്ന് വല്ല നിശ്ചയവുമുണ്ടോ  എന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. അതേസമയം, താജ്ഹമലിനെ മലിനപ്പെടുത്തുന്നതിന്റെ ഉറവിടം കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മിറ്റി ശുപാര്‍ശകള്‍ തയ്യാറാക്കി വരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

കാണ്‍പൂര്‍ ഐ.ഐ.ടിയിലെ വിദഗ്ദര്‍ താജ്മഹലിന് ചുറ്റുമുള്ള അന്തരീക്ഷ മലിനീകരണ തോത് നിരന്തരം പരിശോധിക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കേസ് ജൂലായ് 31ന് പരിഗണിക്കാനായി മാറ്റി.

 

 

JEEVAN TV NEWS

JEEVAN TV NEWS