jeevan news online

വാർത്തകൾ വിശദമായി

ഫ്രാന്‍സ് ഫൈനലില്‍


 

റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയത്തെ പരാജയപ്പെടുത്തി ഫ്രാന്‍സ് ഫൈനലില്‍. ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് കൊയേഷ്യ സെമിഫൈനല്‍ വിജയികളെ ഫ്രാന്‍സ് ഫൈനലില്‍ നേരിടും.

കൃത്യം പന്ത്രണ്ട് കൊല്ലത്തിനും ആറുദിവസത്തിനുംശേഷം ഫ്രാന്‍സ് ഒരിക്കല്‍ക്കൂടി ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍. അത്ഭുതങ്ങളുടെ ചെപ്പുതുറക്കാനെത്തിയ ബെല്‍ജിയത്തെ മടക്കമില്ലാത്ത ഏകഗോളിന് തോല്‍പിച്ചാണ് ഫ്രാന്‍സ് മൂന്നാം തവണയും ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യതനേടിയത്. അമ്പത്തിയൊന്നാം മിനിറ്റില്‍ ഡിഫന്‍ഡര്‍ സാമ്വല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. ഗ്രീസ്മനെടുത്ത കോര്‍ണര്‍ ഫെല്ലെയ്‌നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലേയ്ക്ക് കുത്തിയിട്ടത്.

 ആക്രമണത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരുടീമുകളും. അതിദ്രുത നീക്കങ്ങള്‍ കൊണ്ട് ഒരുപോലെ അവസരങ്ങള്‍ സൃഷ്ടിച്ചു രണ്ട് ടീമുകളും. ഏറ്റവും മികച്ച നീക്കം പിറന്നത് ഇരുപതാം മിനിറ്റിലാണ്. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ ഒരു കിടിലന്‍ സേവാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്. നാഡര്‍ ചാഡ്‌ലിയുടെ ഒരു കോര്‍ണറിനുശേഷം ആല്‍ഡര്‍വയ്‌റല്‍ഡ് തൊടുത്ത തന്ത്രപരമായ ഗണ്ണര്‍ ശരിക്കും അവിശ്വസനീയമായാണ് ഹ്യൂഗോ ലോറിസ് വലത്തോട്ട് ചാടി തട്ടിയകറ്റിയത്. സത്യത്തില്‍ ലോറിസിന്റെ കൈയില്‍ തട്ടിയ പന്ത് വഴുതി പുറത്തേയ്ക്ക് പറക്കുകയായിരുന്നു. ഉറുഗ്വായ്‌ക്കെതിരായ ക്വാര്‍ട്ടര്‍ഫൈനലിലും ലോറിസ് സമാനമായൊരു സേവ് നടത്തിയിരുന്നു.

 ഹ്യുഗോ ലോറിസ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍ തട്ടിയകറ്റിയപ്പോള്‍ ബെല്‍ജിയം ഗോളി കുര്‍ട്ടോയ്‌സിന്റെ മിന്നല്‍ നീക്കങ്ങള്‍ ഫ്രാന്‍സിനെ ലീഡ് ഉയര്‍ത്താന്‍ അനുവദിച്ചില്ല. ആദ്യപകുതിയില്‍ ഗ്രീസ്മാനും കൂട്ടരും നടത്തിയ നിരവധി മുന്നേറ്റങ്ങള്‍ ബെല്‍ജിയം പ്രതിരോധം ഭംഗിയായി പ്രതിരോധിച്ചു. ഗോള്‍ വഴങ്ങിയ ശേഷവും പരാജയഭീതി ഇല്ലാതെ ഫ്രാന്‍സിനെ വിറപ്പിച്ച പ്രകടനം പുറത്തെടുക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചു. പന്തടക്കത്തില്‍ ബെല്‍ജിയത്തിന്റെ ആധിപത്യവും ഇതിന് തെളിവാണ്. എന്നാല്‍ ഉംറ്റിറ്റിയുടെ ആ ഹെഡ്ഡര്‍ ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയുടെ കുതിപ്പ് സെമിയില്‍ അവസാനിപ്പിച്ചു. ഫ്രാന്‍സിന്റെ മൂന്നാം ഫൈനലാണിത്. ഇംഗ്ലണ്ട് ക്രൊയേഷ്യ സെമിഫൈനല്‍ വിജയികള്‍ പതിനഞ്ചിന് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനോട് ഏറ്റുമുട്ടും.

JEEVAN TV NEWS

JEEVAN TV NEWS