jeevan news online

വാർത്തകൾ വിശദമായി

ജെസ്‌നയുടെ തിരോധാനം; അന്വേഷണം ഫലപ്രദമല്ലെന്ന് കോണ്‍ഗ്രസ് 


 

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നിയമസഭയിലേയ്ക്ക് മാര്‍ച്ച് നടത്തി. പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 

സംസ്ഥാനത്തെ പോലീസിനെകൊണ്ട് ജനങ്ങള്‍ക്ക് ഒരുഗുണവുമില്ലെന്ന് മാര്‍ച്ചില്‍ സംസാരിച്ച രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിക്കുന്നത്. ജെസ്‌നയെ കാണാതായി മൂന്ന് മാസമായിട്ടും കേസില്‍ ഒരു തുമ്പുപോലും കണ്ടെത്താന്‍ പോലീസിനായില്ല. ലോക്കല്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ജെസ്‌നയുടെ കുടുംബവും മാര്‍ച്ചില്‍ പങ്കെടുത്തു. പിതാവും സഹോദരനും സഹോദരിയുമാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. പോലീസ് അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് കുടുംബം പ്രതികരിച്ചു. 
അതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ജെസ്‌നയെ കാണാതായി മൂന്ന് മാസമായിട്ടും ലോക്കല്‍ പോലീസിന്റെ അന്വേണത്തില്‍ ഒരു പുരോഗതിയുമില്ലെന്നും അതിനാല്‍ കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 

 

 

 

 

JEEVAN TV NEWS

JEEVAN TV NEWS