jeevan news online

വാർത്തകൾ വിശദമായി

കര്‍ണാടകയില്‍ ആശങ്കയോടെ കോണ്‍ഗ്രസ്


 

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാകക്ഷി യോഗത്തിലേയ്ക്ക് പുതുതായി തെരഞ്ഞെടുത്ത എല്ലാ എംഎല്‍എമാരും എത്താത്തത് നേതൃത്വത്തെ ആശങ്കയിലാഴ്ത്തി. രാവിലെ എട്ടുമണിക്ക് വിളിച്ച് ചേര്‍ത്ത യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് എത്തിച്ചേര്‍ന്നത്. ബാക്കിയുള്ളവര്‍ എത്താത്തത് മൂലം യോഗം ചേരാനായിട്ടില്ല.ലിംഗായത്ത് മേഖലയില്‍നിന്നുള്ള എംഎല്‍എമാരാണ് എത്താന്‍ വൈകുന്നത്. റോഡിലെ ഗതാഗതതിരക്ക് മൂലമാണ് ഇവര്‍ വൈകുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്.

ഇവരെ പ്രത്യേകവിമാനത്തില്‍ ബംഗളൂരുവില്‍ എത്തിക്കുമെന്നാണ് സുചന. യോഗത്തിനെത്തിയ എംഎല്‍എമാരുടെ ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ചരടുവലികളുമായി ബിജെപി എംഎല്‍എമാരെ സമീപിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് നാടകീയനീക്കങ്ങള്‍. ഇതിനിടെ ആഡംബരഹോട്ടലില്‍ ചേരുന്ന ജെഡിഎസ് യോഗത്തിലേക്കും രണ്ട് എംഎല്‍എമാര്‍ എത്തിയില്ല. രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡിഎസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍. അതേസമയം എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ് - ജെഡിഎസ് നേതാക്കള്‍ അറിയിച്ചു. ബിജെപി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.

 

 

JEEVAN TV NEWS

JEEVAN TV NEWS