jeevan news online

വാർത്തകൾ വിശദമായി

പലസ്തീനികള്‍ക്കുനേരെ ഇസ്രായേലിന്റെ വെടിവെപ്പ് ;പ്രതിഷേധം ശക്തമാകുന്നു



ഗാസയില്‍ പലസ്തീനികള്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ന്യൂയോര്‍ക്കിലും ഇസ്താംബൂളിലും ജക്കാര്‍ത്തയിലും വന്റാലികള്‍ നടന്നു. ഇസ്രായേല്‍ അംബാസഡറോട് രാജ്യംവിടാന്‍ തുര്‍ക്കി ആവശ്യപ്പെട്ടു. അതിനിടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി.ഇസ്രായേലിലെ യു.എസ് എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലേമിലേയ്ക്ക് മാറ്റിയതിനെതിരെ പലസ്തീനികള്‍ നടത്തിയ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ലോകമെമ്പാടും നടക്കുന്നത്.

ന്യൂയോര്‍ക്കിലും ഇസ്താംബൂളിലും ജക്കാര്‍ത്തയിലും നടന്ന റാലികളില്‍ ആയിരങ്ങളാണ് അണിനിരന്നത്. കൊല്ലപ്പെട്ട പലസ്തീനികളെല്ലാം ഭീകരരാണെന്ന് പറഞ്ഞ ഇസ്രായേല്‍ അംബാസഡറോട് രാജ്യംവിടാന്‍ തുര്‍ക്കി ആവശ്യപ്പെട്ടു. അംബാസഡറെ വിളിച്ചുവരുത്തി ബെല്‍ജിയം വിദേശകാര്യമന്ത്രി അതൃപ്തി അറിയിച്ചു. ഇസ്രായേലിന്റെ അതിക്രമത്തിനെതിരെ ഇനിയും നിശ്ശബ്ദരായിരിക്കാന്‍ സാധിക്കില്ലെന്ന് ഹമാസ് വക്താവ് ഖലീല്‍ അല്‍ഹയ്യ മുന്നറിയിപ്പ് നല്‍കി. മറ്റ് ചെറുത്തുനില്‍പ്പ് സംഘങ്ങളും തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭയും അപലപിച്ചു. ഇസ്രായേല്‍ എല്ലാഅതിരുകളും ലംഘിക്കുകയാണെന്ന് യുഎന്‍ രക്ഷാസമിതി അറിയിച്ചു.ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി ഉള്‍പ്പടെയുള്ള രാജ്യങ്ങളെല്ലാം ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണംവേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അറുപത് കവിഞ്ഞു. 2,700 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.

 

 

JEEVAN TV NEWS

JEEVAN TV NEWS