ചെങ്ങന്നൂരില്‍ പരസ്പരം വിലക്ക് പ്രഖ്യാപിച്ചുള്ള നവമാധ്യമ പ്രചാരണത്തില്‍ നിന്ന് സിപിഎം ബിജെപി കക്ഷികള്‍ പിന്മാറി. കത്വ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മണ്ഡലത്തില്‍ നവ മാധ്യമ പോസ്റ്റര്‍ പ്രചാരണം ആരംഭിച്ചത്. സംഭവം വൈറലായെങ്കിലും പ്രചാരണം തങ്ങളുടെ അറിവോടെയല്ലെന്നാണ് ഇരു നേതൃത്വങ്ങളുടെയും ഇപ്പോഴത്തെ നിലപാട്.കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടഭ്യര്‍ത്ഥനയ്ക്കായി എത്തേണ്ടതില്ലെന്ന തരത്തില്‍ ചെങ്ങന്നൂരിലെ വിവിധ ഇടങ്ങളിലെ വീടുകളുടെ ചുവരുകളിലും മതിലുകളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി സിപിഎം അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് ആദ്യം പ്രചാരണം നടന്നത്.
ചെങ്ങന്നൂര്‍ മഹാദേവക്ഷേത്ര പരിസരത്ത് സിപിഎം വിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി ബിജെപി അനുകൂല നവമാധ്യമ പ്രചാരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇത് പാര്‍ട്ടി നിലപാടല്ലെന്നാണ് ഇരു നേതൃത്വങ്ങളുടെയും വിശദീകരണം. നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ചെങ്ങന്നൂരില്‍ ഈ പോസ്റ്ററുകള്‍ ഇപ്പോള്‍ ഇല്ല. പതിപ്പിച്ചവര്‍ തന്നെ അവ നീക്കം ചെയ്തെന്നാണ് പാര്‍ട്ടി നേതൃത്വങ്ങളുടെ വിശദീകരണം. ഇത്തരം പ്രചാരണങ്ങളുടെ ഭാഗമാകരുതെന്ന് അണികള്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദ്ദേശവുമുണ്ട്