jeevan news online

വാർത്തകൾ വിശദമായി

എസ്ആര്‍പി കേരളത്തിലേക്ക്


സി.പി.എം അഖിലേന്ത്യാ നേതൃത്വത്തിലെ  പ്രമുഖനായ എസ്. രാമചന്ദ്രന്‍ പിള്ള പാര്‍ട്ടിയുടെ ഉയര്‍ന്ന സമിതികളായ പോളിറ്റ് ബ്യൂറോയിലും, കേന്ദ്ര കമ്മിറ്റിയിലും നിന്ന് ഒഴിയും. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് വിടവാങ്ങല്‍. പഴയ തട്ടകമായ കേരളത്തിലേക്ക് അദ്ദേഹം ചുവട് മാറ്റും. തിരുവനന്തപുരത്ത് ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ചുമതലക്കാരനായി എസ്ആര്‍പി തുടര്‍ന്നേക്കും.

സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാകും. 80 തികഞ്ഞവര്‍ ഒഴിവാകണമെന്ന വ്യവസ്ഥ പാലിച്ചാണ് എസ്.ആര്‍.പി ഒഴിയുന്നത്.പാര്‍ട്ടിയുടെ കഴിഞ്ഞ വിശാഖപട്ടണം കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ട് സ്ഥാനമൊഴിഞ്ഞപ്പോള്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ എസ്.ആര്‍.പിയുടെ പേര് ഉയര്‍ന്നു കേട്ടതാണ്. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് യെച്ചൂരി ആ സ്ഥാനത്തെത്തിയത്. പിന്നീടുള്ള മൂന്ന് വര്‍ഷക്കാലം സി.പി.എമ്മിന്റെ രാഷ്ട്രീയ നയരൂപീകരണങ്ങളില്‍ കാരാട്ട് എസ്.ആര്‍.പി ചേരി, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദങ്ങളെ മറികടക്കുന്നതാണ് കണ്ടത്.

ഏറ്റവുമൊടുവില്‍, 22ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തില്‍ വരെ.  സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരിക്കെ 1989ലാണ് എസ്.ആര്‍.പിയെ കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. 92ല്‍ പി.ബി അംഗമായി.
അഖിലേന്ത്യാ സെന്ററിന്റെ ഭാഗമായി പി.ബിയിലെത്തിയ എസ്.ആര്‍.പിയുടെ ഒഴിവിലേക്ക് കേരള ഘടകത്തിന്റെ പ്രതിനിധികളാരെങ്കിലും പകരമെത്താനിടയില്ലെന്ന് സൂചനയുണ്ട്. കേരള ഘടകത്തിന്റെ നിലപാടാവും നിര്‍ണായകം. എന്നാല്‍, കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് പുതുമുഖങ്ങളെത്താം. 80 തികഞ്ഞതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിഞ്ഞ പി.കെ. ഗുരുദാസന്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിയും.

എം.വി. ഗോവിന്ദന്‍, മന്ത്രി ജി. സുധാകരന്‍ തുടങ്ങിയ പേരുകള്‍ കേന്ദ്രകമ്മിറ്റിയിലേക്ക് പ്രചരിക്കുന്നുണ്ട്. കിസാന്‍സഭാ നേതാവും കേന്ദ്രകമ്മിറ്റിയില്‍ ക്ഷണിതാവുമായ ഡോ. വിജുകൃഷ്ണന്‍ കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരാംഗമാകും. കിസാന്‍സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും അഖിലേന്ത്യാ സെന്ററിന്റെ ഭാഗവുമായ കെ.കെ. രാഗേഷ് കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവാകാനും സാദ്ധ്യതയുണ്ട്. പാര്‍ട്ടി സ്ഥാപകാംഗമെന്ന നിലയില്‍ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവായി നിലനിറുത്തിയേക്കും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS