കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബല പരീക്ഷണത്തിന് ഇടതുപാര്‍ട്ടികളും. സിപിഎം 19 സീറ്റിലും സിപിഐ 4 സീറ്റിലും മത്സരിക്കും. മത്സരിക്കാത്ത മണ്ഡലങ്ങളില്‍ മുഖ്യശത്രുവായ ബിജെപിയെ, പരാജയപ്പെടുത്താന്‍ കഴിയുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാനാണ് ഇരുപാര്‍ട്ടികളുടെയും തീരുമാനം. 2004ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലാണ് സിപിഎം പ്രതിനിധി അവസാനമായി ജയിച്ചത്. കഴിഞ്ഞ രണ്ട് നിയമസഭകളിലും ഇടതുപക്ഷത്തു നിന്നും ഒരു പ്രതിനിധിപോലും ഉണ്ടായിട്ടില്ല. 2013ല്‍ 16 സീറ്റിലാണ് സിപിഎം മത്സരിച്ചത്.
ഇത്തവണ 26 സീറ്റില്‍ മത്സരിക്കാനായിരുന്നു തീരുമാനം. അത് പിന്നീട് 19 സീറ്റാക്കി ചുരുക്കി. 2013ല്‍ 8 സീറ്റില്‍ മത്സരിച്ച സിപിഐ ഇത്തവണ 4 സീറ്റുകളിലാണ് മത്സരിക്കുന്നത്. കര്‍ഷകരും തൊഴിലാളികളും ഏറെയുണ്ടെങ്കിലും കര്‍ണാടകയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് കാര്യമായ സ്വാധീനമുണ്ടാക്കാനായിട്ടില്ല. ഇവര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കുകായണ് ഇടതുപാര്‍ട്ടികളുടെ ലക്ഷ്യം.1985വരെ തുടര്‍ച്ചയായി ഇടതുപക്ഷത്തിന് കര്‍ണാടക നിയമസഭയില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പിലും പോള്‍ ചെയ്ത വോട്ടിന്റെ ഒരു ശതമാനത്തിലും താഴെയാണ് ഇടതുപാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് വിഹിതം.