jeevan news online

വാർത്തകൾ വിശദമായി

ദേശീയ തലത്തില്‍ അംഗീകാര നിറവോടെ മലയാള സിനിമ


65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മിന്നിത്തിളങ്ങി മലയാളം. മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍, തിരക്കഥാകൃത്ത് എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളാണു മലയാള ചിത്രങ്ങള്‍ക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരളത്തിലെത്തിച്ചു്. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി നടന്‍ റിഥി സെന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി.

അസമില്‍നിന്നുള്ള വില്ലേജ് റോക്സ്റ്റാര്‍സാണു മികച്ച ചിത്രം. 2017ലെ ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം വിനോദ് ഖന്നയ്ക്കാണ്. സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന ഗാനം ആലപിച്ച യേശുദാസാണു മികച്ച ഗായകന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂര്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ച നിഖില്‍ എസ്. പ്രവീണാണു മികച്ച ഛായാഗ്രാഹകന്‍. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഭയാനകത്തിനാണ്. ആളൊരുക്കം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി.ഇറാഖില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരെ രക്ഷപ്പെടുത്തുന്നതു പ്രമേയമായെത്തിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനുള്ള പുരസ്‌കാരവും ടേക്ക് ഓഫിലൂടെ സന്തോഷ് രാമന്‍ നേടി. കഥേതര വിഭാഗത്തില്‍ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസും പുരസ്‌കാരത്തിന് അര്‍ഹമായി. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണു സ്ലേവ് ജനസിസ്.ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി ദ് ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് വേലുത്തമ്പി ദളവ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ രമേശ് നാരായണന്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം നേടി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS