jeevan news online

വാർത്തകൾ വിശദമായി

യുഎഇയില്‍ റമദാന്‍മാസത്തില്‍ സാധനങ്ങള്‍ക്ക് 50 ശതമാനം വിലക്കുറവ്


യുഎഇ വിപണിയില്‍ റമദാനില്‍ 50% വരെ വിലക്കുറവുണ്ടാകുമെന്ന് സാമ്പത്തിക മന്ത്രാലയം. വ്യാപാരസ്ഥാപനങ്ങളുമായി സഹകരിച്ച് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. പതിനായിരം ഉല്‍പന്നങ്ങള്‍ക്ക് 25 മുതല്‍ 50% വരെ വിലക്കുറവുണ്ടാകും.
വ്രതമാസത്തില്‍ സാധനങ്ങളുടെ വില കൂടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് തലവന്‍ ഡോ. ഹാഷിം അല്‍ നുഐമി പറഞ്ഞു.

സഹകരണ മേഖലയിലെ ഉള്‍പ്പെടെ 600 സ്ഥാപനങ്ങളില്‍ വിലക്കുറവു നടപ്പാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളെയും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. സാധനങ്ങള്‍ക്കു ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ കമ്പനികള്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.  വ്രതകാലവിഭവങ്ങള്‍ നിറച്ച റമസാന്‍കുട്ടകള്‍ ഇത്തവണയും വിപണികളില്‍ ഉണ്ടാകും.

വില്‍ക്കുന്ന സാധനങ്ങളില്‍ രേഖപ്പെടുത്തിയ വിലയും വാങ്ങുന്ന വിലയും തമ്മില്‍ വ്യത്യാസം പാടില്ല. പ്രദര്‍ശിപ്പിക്കുന്ന വിലയും ബില്ലില്‍ രേഖപ്പെടുത്തുന്ന വിലയും തമ്മില്‍ അന്തരമുണ്ടെന്നു പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. റമസാനില്‍ പുതുക്കി നിശ്ചയിക്കുന്ന വില മെഷീനുകളില്‍ ക്രമീകരിക്കുകയും വേണം. ഉപഭോക്താക്കള്‍ക്കു കൃത്യമായ വിലനിലവാരം മനസ്സിലാക്കാന്‍ സ്ഥാപനങ്ങളില്‍ സ്‌ക്രീനുകള്‍ ഘടിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

 

 

JEEVAN TV NEWS

JEEVAN TV NEWS