jeevan news online

വാർത്തകൾ വിശദമായി

ഗ്ലോബല്‍ വില്ലേജും പരിസരവും നിരീക്ഷിക്കാന്‍ ഇനി 247 ക്യാമറകള്‍


ഗ്ലോബല്‍ വില്ലേജും പരിസരവും നിരീക്ഷിക്കാന്‍ ദുബായില്‍ 247 ക്യാമറകള്‍ സ്ഥാപിച്ചു. ദുബായ് പൊലീസിന്റെ പ്രധാന കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച നൂതന ക്യാമറകള്‍ ചെറുചലനങ്ങള്‍പോലും സൂക്ഷ്മമായി പകര്‍ത്തി കേന്ദ്രീകൃത നിരീക്ഷണ സംവിധാനത്തിനു കൈമാറും. അസ്വാഭാവികമായി എന്തെങ്കിലും ക്യാമറകളില്‍ പതിഞ്ഞാല്‍ മൂന്നു മിനിറ്റിനകം പൊലീസ് പ്രതികരണമുണ്ടാകും.

ഗ്ലോബല്‍ വില്ലേജിലെ പാര്‍ക്കിങ് മേഖലയും ക്യാമറകളുടെ പരിധിയിലാണ്. 18,300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വിശാല മേഖലയാണിത്. ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഗ്ലോബല്‍ വില്ലേജിലെ എട്ടു വലിയ സ്‌ക്രീനുകളില്‍ കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓരോ പവിലിയന്റെയും കവാടങ്ങള്‍, വേദികള്‍, വഴികള്‍, ഉല്ലാസമേഖലകള്‍ എന്നിവ ക്യാമറകളുടെ നിരീക്ഷണ പരിധിയിലാണെന്ന് സുരക്ഷാ ചുമതലയുള്ള കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസ് പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ വനിതാ പൊലീസുകാരടക്കമുള്ള നൂറംഗ സുരക്ഷാസംഘം ഗ്ലോബല്‍ വില്ലേജിലുണ്ട്. ഗ്ലോബല്‍ വില്ലേജില്‍ ഈ സീസണില്‍ 97 പരാതികള്‍ പൊലീസിനു ലഭിച്ചു.

നിയമലംഘനം, കച്ചവടക്കാരും സന്ദര്‍ശകരും തമ്മിലുള്ള വാക്കുതര്‍ക്കം, മോഷണം എന്നിവയെക്കുറിച്ചായിരുന്നു പ്രധാന പരാതികള്‍. സ്ത്രീകളുടെ ശുചിമുറിയുടെയും പ്രാര്‍ഥനാലയങ്ങളുടെയും സമീപമുള്ള പോക്കറ്റടി, കുട്ടികളെ കാണാതാകല്‍ തുടങ്ങിയ കേസുകളിലാണ് വനിതാ പൊലീസുകാര്‍ക്ക് ഇടപെടേണ്ടി വന്നത്. ഗൗരവസ്വഭാവമുള്ള ഒരു കേസുപോലും ഇതുവരെ റജിസ്റ്റര്‍ ചെയ്യേണ്ടി വന്നിട്ടില്ലെന്നും ബിന്‍ ഫാരിസ് പറഞ്ഞു.  

 

 










<

JEEVAN TV NEWS

JEEVAN TV NEWS