jeevan news online

വാർത്തകൾ വിശദമായി

തേനി കാട്ടുതീ ;റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍


തേനിയില്‍ കാട്ടുതീ ഉണ്ടായി 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ജയ് സിംഗിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രെക്കിംഗ് അനധികൃതമായിരുന്നെന്ന് തേനി എസ്.പി ഭാസ്‌കരന്‍ പ്രതികരിച്ചു. അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം കൊളുത്തുമലയിലെത്തിയതെന്നും എസ്.പി പറഞ്ഞു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയാണ് ചെന്നൈ ട്രെക്കിംഗ് ക്ലബ് അംഗങ്ങളെ കുരങ്ങണി മലയിലേക്ക് കയറ്റിവിട്ടതെന്ന് തമിഴ്‌നാട് പൊലീസിനോട് കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ മൊഴി നല്‍കി.ടോപ് സ്‌റ്റേഷന്‍ വരെയാണു വനംവകുപ്പ് പാസ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു.

സംഭവത്തില്‍ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും. കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ട്രെക്കിങ് ക്ലബ് ഉടമ പീറ്റര്‍ വന്‍ജീത്, ഗൈഡ് രാജേഷ് എന്നിവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ചെന്നൈ, തിരുപ്പൂര്‍, ഈറോഡ് സ്വദേശികളായ 28 സ്ത്രീകളും എട്ടു പുരുഷന്മാരും മൂന്നു കുട്ടികളുമടങ്ങുന്ന സംഘമാണു ഞായറാഴ്ച ഉച്ചകഴിഞ്ഞു ദുരന്തത്തില്‍പ്പെട്ടത്. തീപടര്‍ന്നു പിടിച്ചതോടെ സംഘം പലവഴിക്കു ചിതറിയോടുകയായിരുന്നു.

 

JEEVAN TV NEWS

JEEVAN TV NEWS