jeevan news online

വാർത്തകൾ വിശദമായി

മസ്‌കറ്റിലെ വിസ വിലക്ക് പുനരവലോകനം ചെയ്യും


മസ്‌കറ്റില്‍ വിദേശതൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിസ വിലക്ക് കാലാവധി പിന്നിടുമ്പോള്‍ പുനരവലോകനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 25നാണ് തസ്തികകളില്‍ വിദേശികളെ പുതുതായി ജോലിക്ക് എടുക്കുന്നത് താല്‍ക്കാലികമായി വിലക്കി മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. 

ആറുമാസത്തേക്കാണ് നിരോധനം നിലവിലുള്ളത്. വിദേശ തൊഴിലാളികളുടെ എണ്ണം കുതിച്ചുയര്‍ന്നതാണ് പുതിയ വിസ അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തെ നിര്‍ബന്ധിതരാക്കിയതെന്ന് മന്ത്രാലയം പ്ലാനിങ് ആന്‍ഡ് ഡെവലപ്മന്റെ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ ഹദ്‌റമി പറഞ്ഞു. തൊഴില്‍ വിപണിയെ ക്രമപ്പെടുത്തുന്നതിനൊപ്പം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ലക്ഷ്യമാണ്. നിരോധനം വഴി ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കാകും ലഭിക്കുക.

 വിസ നിരോധനം സംബന്ധിച്ച തീരുമാനം ഓരോ ആറുമാസം കൂടുമ്പോഴും പുനരവലോകനം ചെയ്യും. തൊഴില്‍ വിപണിയുടെ അവസ്ഥ സംബന്ധിച്ച് വിശദ പഠനത്തിന് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും സാലിം അല്‍ ഹദ്‌റമിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.ടി, മീഡിയ, എയര്‍ട്രാഫിക്, എന്‍ജിനീയറിങ്, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, ടെക്‌നീഷ്യന്‍സ്, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് എച്ച്.ആര്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലാണ് ജനുവരിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മെയില്‍ നഴ്‌സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്, ആര്‍ക്കിടെക്ട്, സിവില്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ തുടങ്ങിയ തസ്തികകള്‍ പട്ടികയിലുണ്ട്.

 പുതുതായി ഈ മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് തിരിച്ചടിയാകുന്നതാണ് ഒമാന്‍ സര്‍ക്കാറിന്റെ തീരുമാനം. ക്ലീനര്‍, നിര്‍മാണ തൊഴിലാളി, ആശാരി തുടങ്ങിയ തസ്തികകളില്‍ 2013 അവസാനം ഒമാന്‍ വിസ നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ 25,000 തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ മന്ത്രിസഭാ കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി അഞ്ചുവരെ ഒമ്പതിനായിരത്തിലധികം സ്വദേശികള്‍ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

 









<

JEEVAN TV NEWS

JEEVAN TV NEWS