jeevan news online

വാർത്തകൾ വിശദമായി

തിരുവാഭരണഘോഷയാത്ര ശബരിമലയിലേയ്ക്ക് പുറപ്പെട്ടു


ചരിത്രപ്രസിദ്ധമായ തിരുവാഭരണഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ശാസ്താക്ഷേത്രത്തില്‍നിന്ന് ശബരിമലയിലേയ്ക്ക് പുറപ്പെട്ടു. മകരവിളക്ക് ദിവസമായ നാളെ അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിയുന്നത്. 

ശബരിമല മകര സംക്രമ പൂജയക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്രയാണ് പന്തളത്തുനിന്നും യാത്ര തിരിച്ചത്. പരമ്പരാഗത പാതയില്‍ രണ്ട് ദിവസം കൊണ്ട് 83 കിലോമീറ്ററോളം താണ്ടി 14 ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും.പന്തളം കൊട്ടാരത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി വെച്ച തിരുവാഭരണങ്ങള്‍ പുലര്‍ച്ചെയോടെ വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് മാറ്റി. 

തുടര്‍ന്ന് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേത്യത്വത്തില്‍ 22 അംഗ സംഘം തിരുവാഭരണ പെട്ടികള്‍ തലയിലേറ്റി. തുടര്‍ന്ന് കൈപ്പുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, കുളനട ദേവീ ക്ഷേത്രം, ഉള്ളന്നൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. 

തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ഇവിടെ നിന്നും യാത്ര തിരിച്ച് വൈകുന്നേരത്തോടെ ളാഹയിലെ വനം വകുപ്പിന്റെ സത്രത്തിലെത്തി അവിടെ ക്യാംപ് ചെയ്യും.മകരവിളക്ക് ദിനമായ 14ന് പുലര്‍ച്ചെ ഇവിടെ നിന്നും യാത്ര തുടര്‍ന്ന് നീലിമല കയറി സന്നിധാനത്തേക്ക് പോകും. രാജ പ്രതിനിധി പമ്പയില്‍ വിശ്രമിക്കും. വൈകുന്നേരം അഞ്ച് മണിയോടെ ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

 പതിനെട്ടാം പടി കയറി സന്നിധാനത്തെത്തുന്ന സംഘത്തില്‍ നിന്നും ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി പുണ്യാഹം തളിച്ച് ശ്രീകോവിലിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് 6.45 ന് അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തും. ദീപാരാധക്ക് ശേഷം നട തുറക്കുമ്പോള്‍ ആകാശത്ത് മകര നക്ഷത്രം തെളിയും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നതോടെ മകര സംക്രമ പൂജകള്‍ സമാപിക്കും

 

 










<

JEEVAN TV NEWS

JEEVAN TV NEWS