jeevan news online

വാർത്തകൾ വിശദമായി

ദുബായില്‍ ആവേശമായി പുതുവത്സരാഘോഷം


പുതുമ നിറഞ്ഞ പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുമായി രാജ്യം പുതുവത്സരമാഘോഷിച്ചു. ദീപാലംകൃതമായ നഗരങ്ങള്‍ സന്ധ്യയോടെതന്നെ ജനസാന്ദ്രമായി. സ്വദേശികളും പ്രവാസികളും സന്ദര്‍ശകരുമടക്കം ലക്ഷക്കണക്കിനാളുകളാണ് വിവിധ എമിറേറ്റുകളില്‍നടന്ന ആഘോഷപരിപാടികളില്‍ കുടുംബങ്ങളുമായി പങ്കെടുത്തത്.പ്രധാന ആഘോഷവേദിയായ ഡൗണ്‍ ടൗണ്‍ ദുബായില്‍ വൈകീട്ട് നാലുമണിയോടെ തിരക്കനുഭവപ്പെട്ടുതുടങ്ങി. പാര്‍ക്കിങ് സ്ഥലങ്ങള്‍ നിറഞ്ഞതായി അഞ്ചുമണിയോടെ പോലീസ് 'ട്വിറ്ററി'ലൂടെ അറിയിച്ചു. അഞ്ചുമണിയോടെ പരിപാടികള്‍ നടക്കുന്നതിനടുത്തുള്ള പ്രധാന റോഡുകളെല്ലാം അടച്ചു.

ഏഴുമണിയോടെ ശൈഖ് സായിദ് റോഡിലും കനത്ത ട്രാഫിക് അനുഭവപ്പെട്ടു. പ്രധാനവേദിക്ക് സമീപമെല്ലാം കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. മുക്കിലും മൂലയിലും സേവനങ്ങളുമായി ദുബായ് പോലീസും സിവില്‍ ഡിഫന്‍സും സന്നദ്ധസേവകരും സജ്ജരായിരുന്നു. പത്തുമണിയോടെ ദുബായ് മാള്‍ മെട്രോ സ്റ്റേഷനുമടച്ചു.കരിമരുന്നുപ്രയോഗത്തിന് പകരം സംഗീത, വെളിച്ച വിസ്മയമൊളിപ്പിച്ച ലൈറ്റ് അപ്പ് 2018 കാണാന്‍ ലക്ഷങ്ങളാണ് ബുര്‍ജിന് താഴെയെത്തിയത്. ടെന്റുകളില്‍ നിറയെ ലഘുഭക്ഷണവും വെള്ളവും അവശ്യ സൗകര്യങ്ങളുമൊരുക്കിയാണ് പ്രധാനവേദി സന്ദര്‍ശകരെ വരവേറ്റത്.

ലൈവ് ഡി.ജെ.യും ആട്ടവും പാട്ടുമായാണ് കോര്‍ണിഷുകളില്‍ കരിമരുന്നുപ്രയോഗം കാണാനെത്തിയവര്‍ ആഘോഷം കൊഴുപ്പിച്ചത്. ത്രീഡി സാങ്കേതികതയുടെ മികവോടെ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ മ്യൂസിക്കല്‍ ഫൗണ്ടന്‍ നിറഞ്ഞാടിയത് ആഘോഷത്തിലെ അപൂര്‍വമായ കാഴ്ചയായി. ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ ഫ്രന്റിലും അല്‍ കസ്ബയിലും നടന്ന ആഘോഷങ്ങളും കരിമരുന്നുപ്രയോഗവും പ്രത്യേക പരിപാടികളുമായി തിളങ്ങി.

 

JEEVAN TV NEWS

JEEVAN TV NEWS