കായല്‍ കയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിനെതിരെ മന്ത്രി കോടതിയില്‍ ഹര്‍ജി നല്‍കുന്നത് എങ്ങനെയാണെന്ന് ബെഞ്ച് ചോദിച്ചു. ഇത് നിലനില്‍ക്കുമോയെന്നും കോടതി ആരാഞ്ഞു. തോമസ് ചാണ്ടിയുടെ ഹര്‍ജി അപക്വമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കലക്ടറുടെ റിപോര്‍ട്ട് റദ്ദാക്കണമെന്ന മന്ത്രി തോമസ് ചാണ്ടി നല്കിയ ഹരജിയിലാണ് തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ചീഫ് സെക്രട്ടറി ഫയല്‍ ചെയ്യേണ്ട ഹരജി എങ്ങനെ മന്ത്രി ഫയല്‍ ചെയ്യുമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും എതിര് കക്ഷിയാക്കിയാണ് മന്ത്രിയുടെ പരാതി.
ഇത്തരമൊരു പരാതി മന്ത്രി ഫയല്‍ ചെയ്യുന്നത് അത്യപൂര്‍വ്വ സംഭവമാണെന്നും, ഭരണ സംവിധാനങ്ങളെ എങ്ങനെയാണ് മന്ത്രി ചോദ്യം ചെയ്യുകയെന്നും കോടതി ചോദിച്ചു. എന്നാല്‍ സര്‍ക്കാരിനെതിരെ മമതാ ബാനര്‍ജി കേസ് നല്‍കിയിട്ടുണ്ടന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് എംപി വിവേക് തന്‍ഖ വാദിച്ചു. അതേസമയം, വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ ഉടമസ്ഥന് തോമസ് ചാണ്ടി തന്നെ ആണോയെന്ന് ചോദിച്ച കോടതി, വ്യക്തിപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു മാറാന്‍ ആകുമോയെന്നും വിമര്‍ശിച്ചു. ഹര്‍ജിയില്‍ ലേക് പാലസിന്റെ ഉടമസ്ഥരായവര്‍ തന്നെയാണ് വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ ഡയറക്ടര്‍മാര്‍.
ഇത്തരമൊരു ഹര്‍ജിക്ക് നിലനില്പുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദീകരിച്ച ശേഷം മറ്റ് കാര്യങ്ങള്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞു
മാര്‍ത്തണ്ഡം കായല്‍ കൈയ്യേറ്റം സംബന്ധിച്ച് കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത് തെറ്റായെന്നാണ് നിയമ വൃത്തങ്ങളുടെയും വിലയിരുത്തല്‍.