jeevan news online

വാർത്തകൾ വിശദമായി

സോളാര്‍ റിപ്പോര്‍ട്ട് ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി



സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി. തിരുവനന്തപുരത്ത് രണ്ട് എസ്പിമാരടക്കം ആറുപേരെ സ്ഥലംമാറ്റി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നിലവില്‍ സൗത്ത് സോണ്‍ എസ്പിയായ ജി.അജിത്തിനെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലേയ്ക്കും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പി റെജി ജേക്കബിനെ  
തൃശ്ശൂര്‍ പോലീസ് അക്കാദമിയുടെ അസിസ്റ്റന്റ് ഡയറക്ടറായും മാറ്റി നിയമിച്ചു. ഡിവൈഎസ്പിമാരായ സുദര്‍ശനന്‍, ജയ്‌സണ്‍ ജോസഫ് എന്നിവരേയും സിഐ
ബി. റോയി, എസ്‌ഐ ബിജുജോണ്‍ ജേക്കബ് എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെന്ന കുറ്റംചുമത്തി പ്രത്യേക അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കേന്ദ്ര മന്ത്രിമാര്‍, എംഎല്‍എമാര്‍, സോളാര്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെക്കുറിച്ച് പരിശോധിച്ചില്ലെന്ന കമ്മിഷന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 ഐജി: കെ.പത്മകുമാര്‍, ഡിവൈഎസ്പി: കെ.ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കും. ക്രൈം ബ്രാഞ്ച് ഡിജിപി: എ.ഹേമചന്ദ്രന്‍, ഐജി: കെ.പത്മകുമാര്‍ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹി ജി.ആര്‍.അജിത്തിനെതിരെ അച്ചടക്കരാഹിത്യത്തിനു നടപടിയെടുക്കണമെന്നു സോളാര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. 20 ലക്ഷം രൂപ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം സംബന്ധിച്ച്, നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍, ജി.ആര്‍.അജിത്തിനെതിരെ വകുപ്പുതല നടപടിയെടുക്കും.

 










<

JEEVAN TV NEWS

JEEVAN TV NEWS