jeevan news online

വാർത്തകൾ വിശദമായി

ഏഴുവയസുകാരന്റെ കൊല; സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു


ന്യുഡല്‍ഹി : ഗുരുഗ്രാമിലെ റയന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിക്കുന്നതിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്നു കണ്ടെടുത്തു. സ്‌കൂളിന്റെ ശുചിമുറിയില്‍ വെള്ളിയാഴ്ചയാണ് ഏഴുവയസ്സുകാരന്‍ പ്രദ്യുമന്‍ ഠാക്കൂറിനെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. ശുചിമുറിക്കു പുറത്തുനിന്നുള്ള സിസിടിവി ക്യാമറകളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇതില്‍നിന്നാണ് കുട്ടിയുടെ അവസാനനിമിഷങ്ങള്‍ കണ്ടെടുത്തത്.

കുട്ടി ശുചിമുറിയില്‍ പ്രവേശിക്കുന്നതും മിനിറ്റുകള്‍ക്കുശേഷം ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ പ്രവേശിക്കുന്നതും സിസിടിവിയില്‍ കണ്ടെത്തിയതായി ഗുരുഗ്രാം പൊലീസ് അറിയിച്ചു. കുറച്ചു മിനിറ്റുകള്‍ക്കുശേഷം രക്തത്തില്‍ കുളിച്ചു പ്രദ്യുമന്‍ ഠാക്കൂര്‍ പുറത്തേക്ക് ഇഴഞ്ഞു വരുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ശുചിമുറിയുടെ കതകിനു സമീപം കുട്ടി മരിച്ചുവീഴുകയായിരുന്നു. ഭിത്തിയിലെല്ലാം രക്തക്കറ പുരണ്ടു. അവിടെനിന്നാണ് കുട്ടിയെ മറ്റുള്ളവര്‍ കണ്ടെത്തിയത്.

മിനിറ്റുകള്‍ക്കുള്ളിലുണ്ടായ അമിതമായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴുത്തില്‍ കത്തി കൊണ്ടുള്ള രണ്ട് മുറിവുകളുണ്ട്. ഒരു മുറിവു ശ്വാസനാളിയെ മുറിച്ചുകളഞ്ഞു. ഇതാണ് സഹായത്തിനായി കരയാന്‍പോലും കുട്ടിക്കു കഴിയാതായത്. അതേസമയം, അറസ്റ്റിലായ ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

 

JEEVAN TV NEWS

JEEVAN TV NEWS