jeevan news online

വാർത്തകൾ വിശദമായി

വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍


പാലക്കാട് :പാലക്കാട് കോട്ടായിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍, ഭാര്യ പ്രേമകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.ആയുധമുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം കണ്ടെത്തിയത്. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും.

ആലത്തൂര്‍ സ്‌റ്റേഷന്റെ പരിധിയിലുള്ള തോലൂര്‍ പ്രദേശത്താണ് കൊലപാതകം നടന്നത്. കൊലപാതകസമയത്ത് മകന്റെ ഭാര്യ ഷീജയും വീട്ടിലുണ്ടായിരുന്നു. ഇവരെ കയ്യുംകാലും കെട്ടി വായില്‍ തുണി തിരുകിയശേഷമാണ് കൊലപാതകം നടത്തിയത്. ഷീജയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഷീജ ദമ്പതികള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്.

രാവിലെ പാലുമായി സമീപവീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് യുവതിയെ അടുക്കളയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ദര്‍ ഉള്‍പ്പടെയുള്ള അന്വേഷണസംഘം സ്ഥലത്തെത്തി. അതേസമയം തനിക്ക് ജീവന് ഭീഷണിയുള്ളതായി കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ചമുമ്പ് പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നാണ് വിവരം. കുഴല്‍മന്ദം, കോട്ടായി, ആലത്തൂര്‍ പോലീസ് സ്‌റ്റേഷനുകള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. തെളിവുനശിപ്പിക്കാനായി അക്രമികള്‍ കൊലപാതകം നടന്ന സ്ഥലത്ത് മുളകുപൊടി വിതറിയതായി കണ്ടെത്തിയിട്ടുണ്ട്.

 

 

JEEVAN TV NEWS

JEEVAN TV NEWS