jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനിലെത്തി


കൊച്ചി: ഭീരരരുടെ പിടിയില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനിലെത്തിയെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.ഫാദര്‍ ഇപ്പോള്‍ സലേഷ്യന്‍ സഭയുടെ ആസ്ഥാനത്ത് വിശ്രമത്തിലാണെന്നും, എത്രയും വേഗം നാട്ടിലേക്ക് തിരിക്കുമെന്നും വത്തിക്കാന്‍ റേഡിയോയിലെ ഫാദര്‍ വില്യം നെല്ലിക്കല്‍ ജീവന്‍ ന്യൂസിനോട് പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടശേഷം മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ചയും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.ഫാദര്‍ ടോം മസ്‌ക്കത്തില്‍നിന്ന് ഇന്നലെ രാത്രിതന്നെ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. ഭീകരരുടെ പിടിയലകപ്പെട്ട് 18 മാസത്തിനുശേഷമാണ് ഫാ.ടോം മോചിതനാകുന്നത്.

മദര്‍ തെരേസ രൂപംകൊടുത്ത മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാര്‍ച്ച് നാലിനു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, ആറ് യെമന്‍കാര്‍ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഇദ്ദേഹത്തെ മോചിപ്പിക്കാനായി ശ്രമം നടന്നുവരികയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയവരെല്ലാം പ്രശ്‌നത്തില്‍ ഇടപെട്ടു. യെമനില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളില്‍ ആണെന്നുള്ളതും ഫാ.ടോമിന്റെ മോചനം നീണ്ടുപോകാന്‍ കാരണമായി. പരിമിതികള്‍ക്കിടയിലും എന്തു വിലകൊടുത്തും ഫാദറിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. 

പ്രാര്‍ഥനയോടെ വിശ്വാസികളും ഫാ.ടോമിന്റെ മോചനത്തിനായി കാത്തിരുന്നു. ഫാ.ടോം ഉള്‍പ്പെടുന്ന സലേഷ്യന്‍ സന്യാസ സഭാംഗങ്ങളും സിറോ മലബാര്‍ സഭാ പ്രതിനിധികളും ഫാ.ടോമിന്റെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതിനിടെ, വത്തിക്കാനും പ്രശ്‌നത്തില്‍ ഇടപെട്ടു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്










<

JEEVAN TV NEWS

JEEVAN TV NEWS