jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ തൊഴില്‍തട്ടിപ്പിനിരയായ മൂന്ന് പേര്‍ നാട്ടിലെത്തി


 

കൊച്ചി:  സൗദിഅറേബ്യയിലെ നെജ്‌റാനില്‍,തൊഴില്‍തട്ടിപ്പിനിരയായ മൂന്ന് യുവാക്കള്‍ ജീവന്‍ ടിവിയുടെ ഇടപെടലില്‍ നാട്ടിലെത്തി. സൗദിയുടെ യമനോട് ചേര്‍ന്ന് കിടക്കുന്ന ഒറ്റപ്പെട്ട സ്ഥലമായ നെജ്‌റാനില്‍ ഭക്ഷണമോ,ശമ്പളമോ,താമസമോ ഇല്ലാതെ അവശരായ ഇവരെ, ജീവന്റെ ഗള്‍ഫ് ന്യൂസ് വീക്കാണ് നാട്ടിലെത്തിച്ചത്.

വിസാറാക്കറ്റിന്റെ കെണിയില്‍പ്പെട്ട്, ഒരു വര്‍ഷമായി സൗദി അറേബ്യയുടെ ദക്ഷിണമേഖലയും, യമന്‍ അതിര്‍ത്തിയുമായ നെജ്‌റാനിലെ ഒറ്റപ്പെട്ട മരുഭൂമിയില്‍ കുടുങ്ങികിടക്കുകയായിരുന്ന നെയ്യറ്റിന്‍കര സ്വദേശി ഷാജി, നെടുമങ്ങാട് പാനൂര്‍ ആറ്റുപുറം സ്വദേശി മൊയ്തീന്‍ കുഞ്ഞുബഷീര്‍,കന്യാകുമാരി തക്കല കുമാരപുരം സ്വദേശി സേവ്യര്‍ താസയ്യന്‍ എന്നിവരാണ് ജീവന്റെ വാര്‍ത്താധിഷ്ഠിത പരിപാടിയായ ഗള്‍ഫ്‌ന്യൂസ് വീക്കിന്റെ ഇടപെടലില്‍ നാട്ടിലെത്തിയത്. തിതുവനന്തപുരത്ത് വിമാനമിറങ്ങിയ മൂവരും നേരെ ജീവന്റെ കൊച്ചി ഓഫീസിലെത്തി നന്ദി അറിയിച്ചു.

2016 ജൂലൈയിലാണ് ഇരുപത്തി അയ്യായിരത്തോളം പേര്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ കമ്പനിയിലേയ്ക്ക്  എന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ഷിജിന ട്രാവല്‍സ് ഇവര്‍ക്ക് വിസ നല്‍കിയത്. കൂലിപ്പണിക്കാരായ ഇവരില്‍ നിന്ന് അമ്പതിനായിരം രൂപ വീതമാണ്് വിസയ്ക്കായി വാങ്ങിയത്.എട്ട് മണിക്കൂര്‍ ജോലി, 1500 റിയാല്‍ ശമ്പളം, ഭക്ഷണം, താമസസൗകര്യം എന്നിവ വാഗ്ദാനം ചെയ്താണ് ട്രാവല്‍ ഏജന്‍സി ഇവരെ കയറ്റി വിട്ടത്. 

പക്ഷെ അവിടെയെത്തിയപ്പോള്‍, ശമ്പളമില്ല, ഭക്ഷണമില്ല, താമസസൗകര്യം പോലും നല്‍കാതെ സ്‌പോണ്‍സര്‍ ഇവരെ ഇറക്കിവിടുകയായിരുന്നു. ആറായിരം റിയാല്‍ നല്‍കിയാല്‍ മാത്രമേ ഇനി അവര്‍ക്ക് തിരികെ പോരാന്‍ കഴിയൂ എന്ന രീതിയില്‍ കരാറുമുണ്ടാക്കി. ഗള്‍ഫ്‌ന്യൂസ്വീക്കിലൂടെ വാര്‍ത്ത പുറത്ത് വിട്ട ഉടന്‍, ശക്തമായ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ട്രാവല്‍ ഏജന്‍സിതന്നെ, പാസ്‌പോര്‍ട്ടും,ടിക്കറ്റും നല്‍കി ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS